Thursday, October 7, 2010

നൂറു മേനി

സ്നേഹമാം ഭൂമിയില്‍
സ്വപ്നം വിതച്ചതിന്‍
വിളവും കിനാക്കണ്ട്‌
കാത്തിരിപ്പാണൊരാള്‍.

വളമിട്ടു നനച്ചതിന്‍
കളകള്‍ പറിച്ചുമാള്‍ 
സ്വപ്‌നങ്ങള്‍ കൊയ്യുവാന്‍
കാത്തിരുന്നു.

കാക്കുന്ന നേരത്തും
ഭാവിയില്‍ പാവാ-
നോരായിരം സ്വപ്‌നങ്ങള്‍
കൂട്ടി വച്ചു.

കാലമായില്ലതിന്‍
മുന്‍പേ വിളഞ്ഞുവാ
സ്വപ്‌നങ്ങള്‍ ദുഖമായ്‌
നൂറു മേനി!

ദുഃഖങ്ങള്‍ കൊയ്തു-
ള്ളറയില്‍  നിറച്ചയാള്‍
കണ്ണുനീര്‍ കൊണ്ടതിന്‍
ചുറ്റും കിടങ്ങിട്ടു.

തിളയ്ക്കുമാ കണ്ണീരില്‍  
ദുഃഖങ്ങള്‍ വേവിച്ച -
യാളതിന്‍ മുന്നില്‍
മരിച്ചു വീണു.. 
ഏറും വിശാപ്പല്‍
മരിച്ചു വീണു!

Sunday, October 3, 2010

സമാന്തരങ്ങള്‍

ഇവിടെയീ നിശബ്ദതയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
വിസ്മൃതിയപഹരിയ്ക്കാത്ത സ്മൃതികള്‍
കാലപ്പഴക്കത്തിന്‍റെ ഊന്നുവടിയും കുത്തി
നരച്ച ഭിത്തികളുള്ള
ഹൃദയക്ഷേത്രം പ്രദക്ഷിണം വയ്ക്കുമ്പോള്‍
എങ്ങും എത്താത്ത ചിന്തകള്‍
വീണ്ടും
അനന്തതയിലേയ്ക്ക് നീളുമ്പോള്‍....
അവയുടെ പ്രതിഫലനം  
ഹൃദയത്തില്‍
നിഴല്‍ച്ചിത്രങ്ങള്‍ സൃഷ്ടിക്കുമ്പോള്‍...
ചിത്രങ്ങള്‍ നീണ്ടുനീണ്ട്
രണ്ടു സമാന്തരരേഖകളായി
പരിണമിയ്ക്കുമ്പോള്‍..
പതിവുപോലെ
ഇന്നും
ഒരു തുള്ളി
കണ്ണുനീര്‍
വീണുചിതറുന്നു.